എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ ; ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 1നും തുടങ്ങും
സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ തിയ്യതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ തിയ്യതികൾ പ്രഖ്യാപിച്ചു. മാർച്ച് 4 മുതൽ എസ്എസ്എൽസിയും മാർച്ച് 1 മുതൽ ഹയർ സെക്കൻഡറി പരീക്ഷയും ആരംഭിക്കും. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 19 ന് ആരംഭിച്ച് 23 ന് അവസാനിക്കും (Kerala SSLC And Higher Secondary Exam). രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതൽ 3.45 വരെയുമാണ് പരീക്ഷാസമയം. മാർച്ച് 4 ന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷകൾ രാവിലെ 9.30 മുതലാണ് ആരംഭിക്കുന്നത്. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ മാർച്ച് 1 ന് ആരംഭിച്ച് മാർച്ച് 26 ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിക്കുന്നത്.
വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ ഫെബ്രുവരി 15 ന് ആരംഭിച്ച് 21 ന് അവസാനിക്കും. 1 മുതൽ 9 വരെ ക്ലാസുകളിലെ പൊതു പരീക്ഷ മാർച്ച് 1 ന് ആരംഭിച്ച് മാർച്ച് 27 ന് അവസാനിക്കും. പരീക്ഷകളുടെ വിശദമായ ടൈം ടേബിൾ ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ വെബ്സൈറ്റായ https://education.kerala.gov.in/ m മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
വെള്ളം കുടിക്കാൻ വാട്ടർ ബെൽ : ചൂട് കൂടുന്ന കാലാവസ്ഥ കണക്കിലെടുത്ത് സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികൾക്ക് വെള്ളം കുടിക്കാൻ ഇടവേള നൽകുന്ന വാട്ടർ ബെൽ മുഴങ്ങും. രാവിലെ 10:30 നും ഉച്ചയ്ക്ക് 2 മണിക്കും 5 മിനിറ്റ് നേരം ബെൽ മുഴക്കി വിദ്യാർഥികൾക്ക് വെള്ളം കുടിക്കാൻ ക്ലാസ് മുറികളിൽ സൗകര്യമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.