റിപ്പോർട്ട് ഉള്ളടക്കം ഇപ്പോഴും രഹസ്യം: ഖാദർ കമ്മിറ്റി ശുപാർശകൾ കെഇആർ ഭേദഗതികൾക്ക് ഡ്രാഫ്റ്റിങ് കമ്മിറ്റി”പ്രാഥമിക റിപ്പോർട്ട് മാത്രമാണ് അഭിപ്രായ രൂപീകരണത്തിനും ചർച്ചകൾക്കുമായി പരസ്യപ്പെടുത്തിയത്”
തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ച് പഠിച്ച് ഡോ.എം.എ. ഖാദർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ വിദ്യാഭ്യാസ നിയമത്തിലും ചട്ടങ്ങളിലും (കെഇആർ) ഭേദഗതി വരുത്താനുള്ള നീക്കം സർക്കാർ ആരംഭിച്ചു. സമയബന്ധിതമായി ഇതു പൂർത്തിയാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് നാലംഗ ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപീകരിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിലെ മുൻ ഉദ്യോഗസ്ഥരായ സി.പി.പദ്മരാജൻ, അർക്കൻസ്, ഗോപാലകൃഷ്ണണൻ നാടാർ, ആർ.മുരളീധരൻ പിള്ള എന്നിവരാണ് അംഗങ്ങൾ.ഖാദർ കമ്മിറ്റി ഒരു വർഷം മുൻപ് സമർപ്പിച്ച മുഖ്യ റിപ്പോർട്ടും അതിലെ ശുപാർശകൾ നടപ്പാക്കുന്നതു സംബന്ധിച്ചു പഠിച്ച കോർ കമ്മിറ്റി റിപ്പോർട്ടും ഇതുവരെ സർക്കാർ പരസ്യപ്പെടുത്തിയിട്ടില്ല. കോർ കമ്മിറ്റി തയാറാക്കിയ ചട്ടങ്ങളുടെ കരടും പരസ്യമാക്കിയിട്ടില്ല. പ്രാഥമിക റിപ്പോർട്ട് മാത്രമാണ് അഭിപ്രായ രൂപീകരണത്തിനും ചർച്ചകൾക്കുമായി പരസ്യപ്പെടുത്തിയത്. ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുന്ന റിപ്പോർട്ടുകളും അതിന്റെ അടിസ്ഥാനത്തിലുളള കരട് ചട്ടങ്ങളും എങ്ങനെ നടപ്പാക്കും എന്ന ചോദ്യമാണുയരുന്നത്. ഉള്ളടക്കം രഹസ്യമാക്കി വച്ച് ഏകപക്ഷീയമായി ശുപാർശകൾ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ വൻ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനാ നേതാക്കൾ വ്യക്തമാക്കി.