ഹയർസെക്കൻഡറിയിൽ ഫിസിക്കൽ എജുക്കേഷൻ പീരിയഡുകൾ അതിനായി വിനിയോഗിക്കണം
ഹയർസെക്കൻഡറിയിൽ ഫിസിക്കൽ എജുക്കേഷന്‍ നീക്കിവെച്ചിട്ടുള്ള പീരിയഡുകളിൽ മറ്റ് അധ്യാപകർ ഫിസിക്കൽ എജുക്കേഷൻ പഠിപ്പിക്കണമെന്ന് നിർദേശം. ഹയർസെക്കൻഡറിയിലെ കായികവിദ്യാഭ്യാസത്തിന് ഹൈസ്കൂളിലെ കായികാധ്യാപകന്റെ സേവനം വിനിയോഗിക്കാം. ഹൈസ്കൂൾ വിഭാഗത്തിൽ കായികാധ്യാപകരില്ലെങ്കിൽ മറ്റ് ഹയർസെക്കൻഡറി അധ്യാപകരെ ഈ പീരിയഡുകളിൽ നിയോഗിക്കണമെന്നാണ് ഹയർസെക്കൻഡറി ജോയൻ്റ് ഡയറക്ടറുടെ നിർദേശം.
ഹയർസെക്കൻഡറി വിഭാഗത്തിൽ ഇതുവരെ കായികാധ്യാപക തസ്തികയില്ല. എന്നാൽ, പ്ലസ്വൺ പ്രവേശനസമയത്ത് ഓരോ വിദ്യാർഥിയിൽനിന്നും സ്പോർട്സ് ആൻഡ് ഗെയിംസ് എനത്തിൽ 75 രൂപ വീതം ഈടാക്കുന്നുണ്ട്. മാത്രമല്ല പ്ലസ്വൺ, പ്ലസ്ട ഓരോബാച്ചിലും ഫിസിക്കൽ എജുക്കേഷന്‍ ആഴ്ചയിൽ രണ്ടു പീരിയഡുമുണ്ട്. ഇതിൽ മറ്റുവിഷയങ്ങൾ പഠിപ്പിക്കുകയായിരുന്നു പതിവ്. പരാതി വന്നതോടെ ഈ പീരിയഡുകളിൽ മറ്റുവിഷയങ്ങൾ പഠിപ്പിക്കരുതെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഇതോടെയാണ് ഹയർസെക്കൻഡറി ഡയറക്ടറേറ്റ് ഇടപെട്ടത്.