എംബിബിഎസ്: ഓഫ്‌ലൈൻ പ്രവേശനം റദ്ദാക്കും !
പ്രവേശന രീതി എൻഎംസി പരിശോധിക്കുന്നു

ന്യൂഡൽഹി: ഈ അധ്യയന വർഷം രാജ്യത്ത് എംബിബിഎസിനു ചേർന്ന വിദ്യാർഥികളുടെ പ്രവേശന രീതി ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎം സി) പരിശോധിക്കുന്നു. ഓൺലൈൻ രീതിയിലാണ് പ്രവേശനം പൂർത്തിയാക്കേണ്ടതിരിക്കെ കോളജുകൾ നേരിട്ട് (ഓഫ്‌ലൈൻ) പ്രവേശനം നൽകിയോ എന്നാണു പരിശോധിക്കുന്നത്. ഇത്തരത്തിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ അഡ്‌മിഷൻ റദ്ദാക്കുമെന്ന് എൻ എംസി അറിയിച്ചു.
1,04,891 പേരാണ് ഇക്കൊല്ലം പ്രവേശനം നേടിയത്. ഓഫ്‌ലൈൻ രീതിയിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ വിവരങ്ങളും വെബ്സൈറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണു വിവരം.
അന്തിമ ഘട്ടത്തിലെ സ്ട്രേവേക്കൻസി റൗണ്ടിൽ ഉൾപ്പെടെ കേന്ദ്രീകൃത മെറിറ്റ് പട്ടിക ഉപയോഗിച്ച് ഓൺലൈനായി സീറ്റ് അലൊക്കേഷൻ നടത്തണമെന്നായിരുന്നു എൻഎംസിയുടെ നിർദേശം. എന്നാൽ, പല മെഡിക്കൽ കോളജുകളും സീറ്റ് മറിച്ചുനൽകിയെന്നു പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവേശന നടപടികൾ പരിശോധിക്കുന്നത്.