ക്ലാസുകൾ കൂടുതൽ സ്മാർട്ടാക്കാം: അധ്യാപകർക്ക് ചാറ്റ് ജിപിറ്റി യിൽ പരിശീലനവുമായി വെറ്ററിനറി സർവകലാശാല
ചാറ്റ് ജിപിറ്റി പോലുള്ള ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സങ്കേതങ്ങളുപയോഗിച്ച് അധ്യാപനവും പഠനവും കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കുന്ന പരിശീലന പരിപാടിയുമായി വെറ്ററിനറി സർവകലാശാല, ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സ്കൂൾ,കോളേജ്, യൂണിവേഴ്സിറ്റി അധ്യാപകർക്ക് പങ്കെടുക്കാം. പരമ്പരാഗത ക്ലാസ് റൂമുകളും ടെക്സ്റ്റ് ബുക്കുകളും വഴിമാറി അറിവും വിവരങ്ങളും വിദ്യാത്ഥികൾക്ക് ഇന്ന് വിരൽത്തുമ്പിൽ ലഭ്യമാണ്. അതിനാൽ എന്താണ് പഠിപ്പിക്കുന്നത് എന്നതിനേക്കാൾ എങ്ങനെയാണ് പഠിപ്പിക്കുന്നതെന്ന് എന്നത് പ്രധാനമാകുന്ന കാലമാണിത്. പുതിയ വിദ്യാഭ്യാസ രീതിയനുസരിച്ച് അധ്യാപകരെ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് കഴിയും. മാറുന്ന കാലത്തിനനുസരിച്ചുള്ള അധ്യാപന ശാസ്ത്രം വികസിപ്പിച്ചെടുക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗിക്കാം എന്നതിനായിരിക്കും പരിശീലനത്തിൽ ഊന്നൽ നൽകുക.
തൃശൂർ മണ്ണുത്തിയിലെ വെറ്ററിനറി കാമ്പസിലെ അക്കാദമിക് സ്റ്റാഫ് കോളേജിൽ വച്ച് ഫെബ്രുവരി എട്ടിന് ഒൻപതു മുതൽ അഞ്ചു മണി വരെ നീളുന്ന ഏകദിന പരിശീലനമാണ് വെറ്ററിനറി സർവകലാശാല സംഘടിപ്പിക്കുന്നത്. നേരിട്ടു പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓൺലൈനായി പങ്കെടുക്കാൻ സൗകര്യമുണ്ട്. നേരിട്ടു പങ്കെടുക്കുന്നവർക്ക് 1000 രൂപയും ഓൺലൈൻ ഉള്ളവർക്ക് 500 രൂപയുമാണ് ഫീസ്. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും ക്ലാസിൻ്റെ വീഡിയോകളും നൽകും.പൂനെയിലെ എസ്പയർ ടെക്നോളജീസ് ഡയറക്ടറായ ഡോ.സുരേഷ് നമ്പൂതിരിയാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. താത്പര്യമുള്ളവർക്ക് 9446203839 എന്ന നമ്പറിൽ ബന്ധപ്പെടാം