നഴ്സിങ് അപേക്ഷാഫീസിന് ജി.എസ്.ടി; പ്രവേശന നടപടികളില് നിന്ന് അസോസിയേഷന് പിന്മാറുന്നു
തിരുവനന്തപുരം: ബി. എസ്സി. നഴ്സിങ് അപേക്ഷാഫീസിന് 18 ശതമാനം ചരക്ക് സേവന നികുതി നൽകണമെന്ന് സർക്കാർ നിലപാട് എടുത്തതോടെ അടുത്തവർഷത്തെ പ്രവേശനനടപടികളിൽനിന്ന് പിന്മാറാൻ പ്രൈവറ്റ് നഴ്സിങ് കോളേജ് മാനേജ്മെൻ്റ് അസോസിയേഷൻ തീരുമാനിച്ചു. ജി.എസ്.ടി. ഇന്റലിജൻസ് ഓഫീസറാണ് അസോസിയേഷന് നോട്ടീസ് നൽകിയത്. അസോസിയേഷന് കടുത്ത സാമ്പത്തിക ബാധ്യത വരുമെന്നു കണ്ടാണ് പ്രവേശന നടപടികളിൽനിന്ന് പിന്മാറാൻ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്. അസോസിയേഷൻ ഓരോ കുട്ടികളിൽനിന്ന് അപേക്ഷാഫീസായി വാങ്ങിയ ആയിരം രൂപയുടെ 18 ശതമാനം നികുതി അടയ്ക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കൊല്ലം മാത്രം 1.65 കോടി രൂപ അടയ്ക്കേണ്ടിവരുമെന്നാണ് അസോസിയേഷൻ കണക്കാക്കിയിട്ടുള്ളത്. 2017 മുതലുള്ള കുടിശ്ശികയും അതിൻ്റെ പിഴയും ഒടുക്കണമെന്നാണ് നോട്ടീസ്. ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷനും നോട്ടീസ് നൽകിയിട്ടുണ്ട്.
ഓരോ കോളേജിനും അനുവദിച്ചിട്ടുള്ള സീറ്റുകളിൽ പകുതിയാണ് മാനേജ്മെന്റ് അസോസിയേഷൻ പ്രവേശനം നടത്തുന്നത്. ബാക്കി പകുതി സർക്കാർ സീറ്റുകളിൽ എൽ.ബി.എസ്. ആണ് പ്രവേശനം നടത്തുന്നത്. നികുതി തീരുമാനം പിൻവലിച്ചില്ലെങ്കിൽ അടുത്തവർഷംമുതൽ അതത് കോളേജുകൾതന്നെ മാനേജ്മെന്റ് സീറ്റുകളിലേക്ക് പ്രവേശനം നടത്തുമെന്ന് അസോസിയേഷൻ പ്രസിഡൻ്റ് സജിയും സെക്രട്ടറി അയിര ശശിയും പറഞ്ഞു. സർക്കാർ നടപടിക്കെതിരേ കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജി.എസ്.ടി. നൽകണമെന്നത് കോളേജുകൾക്ക് ബാധകമല്ല. നിലവിൽ മാനേജ്മെന്റ് സീറ്റിൽ പ്രവേശനത്തിന് അസോസിയേഷനുകീഴിലെ എല്ലാ കോളേജുകളിലേക്കുമായി ഓൺലൈനായി ഒറ്റ അപേക്ഷ നൽകിയാൽ മതിയാകും. മെറിറ്റ് അടിസ്ഥാനത്തിൽ അസോസിയേഷനാണ് വിദ്യാർഥികളെ അലോട്ട് ചെയ്യുന്നത്. അസോസിയേഷൻ പിന്മാറിയാൽ വിദ്യാർഥികൾ ഓരോ കോളേജിനും വെവ്വേറെ അപേക്ഷ നൽകേണ്ടിവരും. പ്രത്യേകം ഫീസടയ്ക്കേണ്ടതായും വരും.