വിദേശ വിദ്യാഭ്യാസം: സ്വകാര്യ ഏജൻസികളെ നിയന്ത്രിക്കാൻ നിയമം, അതോറിറ്റി വേണമെന്ന് ശുപാർശ
തിരുവനന്തപുരം:വിദേശവിദ്യാഭ്യാസത്തിനു പോവുന്ന മലയാളികൾ സ്വകാര്യ ഏജൻസികളുടെ തട്ടിപ്പിനിരയാവുന്നത് തടയാൻ നിയമവുമായി സംസ്ഥാനസർക്കാർ. ഏജൻസികളെ നിയന്ത്രിക്കാൻ നിർബന്ധിത രജിസ്‌ട്രേഷനും വിദ്യാർഥികുടിയേറ്റത്തിന്റെ മേൽനോട്ടത്തിനായി സംസ്ഥാനതല അതോറിറ്റിയും വ്യവസ്ഥചെയ്യും. വിദേശത്തേക്കുപോവുന്ന
വിദ്യാർഥികളുടെയും റിക്രൂട്ട് ചെയ്യുന്ന ഏജൻസികളുടെയും വിവരശേഖരവും തയ്യാറാക്കും. കരടുബിൽ തയ്യാറാക്കി ഉന്നതവിദ്യാഭ്യാസ കൗൺസിൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ചു.
25-നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് നീക്കം. ഏജൻസികളുടെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കാൻ ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥിന്റെ നേതൃത്വത്തിൽ വിദഗ്ധസമിതി രൂപവത്കരിച്ചിരുന്നു. ഇവർ നൽകിയ റിപ്പോർട്ട് ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഈയിടെ അംഗീകരിച്ചു.