1.21 ലക്ഷംപേർക്ക് 2886 സ്പെഷ്യൽ എജുക്കേറ്റർമാർമാത്രം; വേണ്ടത് 9,355 അധ്യാപകർ

കോഴിക്കോട്: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഭിന്നശേഷിക്കാരായ 1,21,303 പേർ പഠിക്കുമ്പോഴും അവരെ പഠിപ്പിക്കാനുള്ളത് 2886 സ്പെഷ്യൽ എജുക്കേറ്റർമാർ മാത്രം. 9355 അധ്യാപകരെങ്കിലും ഉണ്ടാവണമെന്നിരിക്കെയാണ് അതിൻ്റെ മൂന്നിലൊന്നുപോലും ഇല്ലാത്ത അവസ്ഥ.
റൈറ്റ് ഓഫ് പേഴ്സൺ വിത്ത് ഡിസ്‌എബിലിറ്റി ആക്‌ട് പ്രകാരം ഭിന്നശേഷിക്കാരെ കാഴ്ച- കേൾവി പരിമിതർ, സെറിബ്രൽ പാൾസി, ബൗദ്ധികവെല്ലുവിളി നേരിടുന്നവർ, പഠനവൈകല്യമുള്ളവർ, കിടപ്പിലായുള്ളവർ തുടങ്ങി 21 വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. സമഗ്രശിക്ഷ കേരളയിലൂടെ കരാർ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ എജുക്കേറ്റർമാരെ നിയമിക്കുന്നത്. സ്പെഷ്യൽ എജുക്കേറ്റർമാർ ആഴ്‌ചയിൽ രണ്ടുദിവസം രണ്ട് സ്‌കൂളുകൾ സന്ദർശിക്കണം. ഒരു ദിവസം വീടുകളിലുള്ള കുട്ടികളെയും സന്ദർശിക്കണം.
സാധാരണ അധ്യാപകർക്ക് ഈ കുട്ടികളെ ഏതു രീതിയിൽ പഠിപ്പിക്കണമെന്ന് കൃത്യമായി അറിയില്ല. ഇത്തരം കാര്യങ്ങൾ കാണിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ കൂട്ടായ്മ ‘നവജീവൻ’ ബാലാവകാശ കമ്മിഷന് പരാതിനൽകിയിരുന്നു. എല്ലാ ദിവസവും സ്പെഷ്യൽ എജുക്കേറ്ററുടെ സേവനം ലഭ്യമാക്കണമെന്ന് കമ്മിഷൻ 2023 ജൂലായിൽ ഉത്തരവിട്ടു. 2021-ൽ സുപ്രീംകോടതിയും സ്‌കൂളുകളിൽ സ്പെഷ്യൽ എജുക്കേറ്റർ തസ്തിക വേണമെന്ന് വ്യക്തമാക്കിയിരുന്നു.
ഇൻക്ലൂസീവ് എജുക്കേഷനാണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ ഇതിനാവശ്യമായ ഭൗതികസാഹചര്യമോ പഠനാന്തരീക്ഷമോ ലഭ്യമല്ല. കൂടുതൽ സ്പെഷ്യൽ എജുക്കേറ്റർമാരെ നിയമിക്കുകയോ, ബി.എഡ്. പഠനത്തിൽ ഈ വിഷയത്തിൽ ആഴത്തിലുള്ള പരിശീലനം നൽകാനോ തയ്യാറായാമ പ്രശ്‌നത്തിന് പരിഹാരമാവൂ.
2021-22ൽ കേരളത്തിലെ ഭിന്നശേഷിക്കുട്ടികളുടെ കണക്ക്
1) പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികൾ (പ്രീ-പ്രൈമറി) ഉൾപ്പെടെ 1,21,303
2) സ്പെഷ്യൽ സ്‌കൂളിൽ പഠിക്കുന്നവർ 3484
3) പൊതുവിദ്യാലയങ്ങളിലെ സ്പെഷ്യൽ എജുക്കേറ്റർമാർ 2886
4) സ്പെഷ്യൽ സ്ക്‌കൂകൂളിലുള്ള അധ്യാപകർ 705
5) ഒന്നുമുതൽ 12 വരെ ക്ലാസുകളിൽ ആവശ്യമായ സ്പെഷ്യൽ എജുക്കേറ്റർമാർ 9355
(2023 നവംബറിൽ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പ്രകാരം)