10-ാം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു, പക്ഷേ ഹരിക്കാനും ഗുണിക്കാനും അറിയില്ല;റിപ്പോർട്ട്

ഇന്ത്യൻ ഗ്രാമീണ മേഖലയിൽ 14 മുതൽ 18 വയസ് വരെയുള്ള വിഭാഗത്തിൽ പകുതി പേർക്ക് മൂന്നാം ക്ലാസ് നിലവാരത്തിലെ കണക്ക് പോലും അറിയില്ലെന്ന് റിപ്പോർട്ട്. എൻജിഒ പ്രഥം പുറത്ത് വിട്ട ആന്വൽ സ്റ്റാറ്റസ് ഓഫ് എജ്യൂക്കേഷൻ റിപ്പോർട്ടിലാണ് (ASER) ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ജനുവരി 17നാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. സ്കൂൾ പ്രവേശനം, ഹാജർ നില, ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ കുട്ടികളുടെ പഠന നിലവാരം എന്നിവയെ കുറിച്ച് 2005 മുതൽ എൻജിഒ പ്രഥം സർവേ നടത്തി റിപ്പോർട്ട് പുറത്ത് വിടുന്നു 14 മുതൽ 18 വരെയുള്ള 34000 പേർക്കിടയിലാണ് ഈ സർവേ നടത്തിയത്. 40.3 ശതമാനം പുരുഷൻമാരും 28 ശതമാനം സ്ത്രീകളും മാസത്തിൽ 15 ദിവസത്തോളം പഠനത്തിന് പുറമേ മറ്റ് തൊഴിലുകളിൽ ഏർപ്പെടുന്നു.പത്താം ക്ലാസ് പൊതുപരീക്ഷയെ നേരിടാൻ നിൽക്കുന്ന മിക്കവർക്കും അടിസ്ഥാന കണക്കുകൾ ചെയ്യാനും വായിക്കാനുമറിയില്ല. 26.5 ശതാമനം പേർക്ക് പ്രാദേശിക ഭാഷയിലുള്ള രണ്ടാം ക്ലാസ് ബുക്ക് വായിക്കാനറിയില്ല. 56.7 ശതമാനം പേർക്ക് അടിസ്ഥാന കണക്കുകൾ അറിയില്ല.അളവുകോൽ ഉപയോഗിച്ച് അളക്കാനും പലർക്കും അറിയുന്നില്ല. 65.1 ശതമാനം പേർക്ക് ഒ.ആർ.എസ് ലായനി പാക്കറ്റിന് പുറത്തുള്ള നിർദേശങ്ങൾ വായിക്കാനായില്ല. 43.7 ശതമാനം ആൺകുട്ടികൾക്കും 19.8 ശതമാനം പെൺകുട്ടികൾക്കും സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയാം. എന്നാൽ ലാപ്പ്ടോപ്പ് കൈവശമുള്ളവർ വളരെ കുറവാണ്.വിവരശേഖരണത്തിനായി നടത്തിയ മിക്ക പരീക്ഷകളിലും ആൺകുട്ടികൾ പെൺകുട്ടികളേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നുണ്ട്.