അക്കൗണ്ടിൽ കാണിക്കേണ്ടത് 12.66 ലക്ഷം രൂപ; കാനഡയിൽ ഇനി പഠനച്ചെലവ് കുത്തനെ കൂടും
വിദേശവിദ്യാർഥികൾക്കുള്ള ജീവിതച്ചെലവ് (cost-of-living financial requirement) ജനുവരി ഒന്നുമുതൽ ഇരട്ടിയാക്കാൻ കാനഡ തീരുമാനിച്ചു. ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലറാണ് ഇക്കാര്യമറിയിച്ചത്. ജീവിതച്ചെലവിലെ വ്യതിയാനത്തിനനുസരിച്ച് പ്രതിവർഷം ഈ തുകയിൽ പരിധി നിശ്ചയിക്കുമെന്നും പറഞ്ഞു. ഉപരിപഠനത്തിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് കാനഡയിലേക്ക് കുടിയേറാനാഗ്രഹിക്കുന്നവർക്ക് തിരിച്ചടിയാവുന്നതാണ് തീരുമാനം.
അടുത്ത വർഷം മുതൽ കാനഡയിൽ പഠിക്കാനാഗ്രഹിക്കുന്നവർ ജീവിതച്ചെലവിനായി 20,635 കനേഡിയൻ ഡോളർ (12,66,476.80 രൂപ) അക്കൗണ്ടിൽ കാണിക്കേണ്ടിവരും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി 10,000 ഡോളർ (ഏകദേശം 6.13 ലക്ഷം രൂപ) ആയിരുന്നു കാണിക്കേണ്ടിയിരുന്നത്. ട്യൂഷൻഫീസിനും യാത്രാച്ചെലവിനും പുറമേയാണിത്. പഠന പെർമിറ്റിനുള്ളതുൾപ്പെടെയുള്ള ഫീസ് നേരത്തേ കൂട്ടിയിരുന്നു. 2022-ൽ കാനഡയിലെത്തിയ വിദേശവിദ്യാർഥികളിൽ (3.19 ലക്ഷം) ഇന്ത്യയിൽനിന്നുള്ളവരാണ് കൂടുതൽ.