ആകാശത്തെത്തുന്ന ഇന്ത്യയുടെ വീട്, വെള്ളവും കറന്റും എങ്ങനെ കിട്ടും?
2035ൽ ഇന്ത്യ ബഹിരാകാശത്ത് സ്വന്തം നിലയം തുറക്കുമെന്നാണു പ്രതീക്ഷ. ഇപ്പോഴത്തെ രാജ്യാന്തര ബഹിരാകാശ നിലയം പോലെ. ഇപ്പോഴത്തെ രാജ്യാന്തര ബഹിരാകാശ നിലയം 2031 ൽ തിരിച്ചിറക്കിയേക്കുമെന്ന് വലിയ അഭ്യൂഹമുണ്ട്. നമ്മൾ ആകാശത്തൊരു കൂടൊരുക്കുമ്പോൾ ഊർജവും വെള്ളവും ഒരേപോലെ ആവശ്യമുണ്ടാകും. ഇതു രണ്ടും തരുന്ന ഒരു സാങ്കേതികവിദ്യ ഐഎസ്ആർഒ ഇപ്പോൾ പരീക്ഷിച്ചിരുന്നു. ഫ്യുവൽ സെൽ. ഹൈഡ്രജനും ഓക്‌സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിൽ നിന്നുള്ള ഊർജം വൈദ്യുതിയാക്കി മാറ്റിയാണ് ഫ്യുവൽ സെൽ പ്രവർത്തിക്കുന്നത്. പ്ലാറ്റിനം ത്വരകവും ഇതിനുള്ളിലുണ്ടാകും. വെള്ളമാണ് ഇവയിൽ നിന്നു അവശിഷ്ടമായി പുറത്തുവരുന്നതിനാൽ മലിനീകരണവുമില്ല.
പിഎസ്എൽവി സി58 എന്ന ദൗത്യത്തിൽ ഉപയോഗിച്ച റോക്കറ്റിന്റെ ഒരു ഭാഗം ഐഎസ്ആർഒ ബഹിരാകാശത്ത് നിലനിർത്തിയിട്ടുണ്ട്. പോയം എന്നറിയപ്പെടുന്ന ഈ ഭാഗം ഒരു പരീക്ഷണശാല കൂടിയാണ്. ഇവിടെയാണ് പരീക്ഷണം നടന്നത്. നമ്മുടെ അഭിമാനമായ ആദിത്യ എൽ 1 ദൗത്യത്തെ വഹിച്ചുകൊണ്ടുപോയ ദൗത്യമാണ് ആദിത്യ. നാസയ്ക്കാണു പ്രധാനനേത്യത്വമെങ്കിലും ബഹുരാഷ്ട്ര പങ്കാളിത്തത്തോടെയാണു രാജ്യാന്തര ബഹിരാകാശ നിലയം വിഭാവനം ചെയ്‌തതും സ്‌ഥാപിച്ചതും. 1984ൽ യുഎസ് പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗനാണ് പദ്ധതി ആവിഷ്കരിച്ചത്. 1998ൽ നിർമാണം തുടങ്ങിയ രാജ്യാന്തര ബഹിരാകാശ നിലയം 2011ൽ പൂർണാർഥത്തിൽ യാഥാർഥ്യമായി. ഇപ്പോഴും പുതിയ ദൗത്യങ്ങളും പരീക്ഷണങ്ങളും ഇവിടെ നടക്കുന്നു. 2000 നവംബർ 2 മുതൽ നിലയത്തിൽ മുഴുവൻ സമയവും മനുഷ്യ സാന്നിധ്യമുണ്ടായിരുന്നു. യൂറോപ്യൻ സ്പേസ് ഏജൻസി അംഗരാജ്യങ്ങൾ, യുഎസ്, റഷ്യ, കാനഡ, ജപ്പാൻ എന്നിവ രാജ്യാന്തര ബഹിരാകാശ നിലയത്തിൻ്റെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാണ്. യുഎസ് 153 പേരെയും റഷ്യ 50 പേരെയും ഇങ്ങോട്ടേക്ക് അയച്ചിട്ടുണ്ട്. 2021 വരെ 9 രാജ്യങ്ങളിൽ നിന്നായി 244 യാത്രികർ നിലയം സന്ദർശിച്ചിട്ടുണ്ടെന്നു നാസയുടെ കണക്ക് പറയുന്നു.ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെ മണിക്കുറിൽ 28,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയം ഓരോ 90 മിനിറ്റിലും ഭൂമിയെ വലം വയ്ക്കുന്നു. 2024 വരെയുള്ള നിലയത്തിൻ്റെ പ്രവർത്തന പരിപാടികൾ ചാർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2031ൽ രാജ്യാന്തര ബഹിരാകാശ നിലയം ഡീകമ്മിഷൻ ചെയ്യപ്പെടുമെന്ന് ഒരു കൂട്ടം വിദഗ്‌ധർ പറയുന്നു. ഇതോടെ നാസയുടെ ഈ മേഖലയിലെ അപ്രമാദിത്വത്തിനു തിരശ്ശീല വീഴുമെന്നും അവർ കരുതുന്നു.ആ സമയത്ത് ചൈനയുടെയും റഷ്യയുടെയും നിലയങ്ങൾ പൂർണ സജ്ജമാകാനുമിടയുണ്ട്. ചൈനയുടെ സ്വപ്‌നപദ്ധതിയായ ടിയൻഗോങ് ബഹിരാകാശ നിലയത്തിൻ്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നുണ്ട്. ‘ആർമി 2022’ എന്ന സൈനിക പ്രദർശന വേദിയിൽ റഷ്യൻ ഏജൻസിയായ റോസ്കോമോസ് ‘റോസ്’ എന്ന തങ്ങളുടെ ഭാവി ബഹിരാകാശ നിലയത്തിൻ്റെ രൂപരേഖ മുന്നോട്ടുവച്ചിരുന്നു. രണ്ടുഘട്ടങ്ങളായാകും ഇതിൻ്റെ വിക്ഷേപണം. ആദ്യഘട്ടത്തിൽ 4 മൊഡ്യൂളുകളുള്ള സ്പേസ് സ്റ്റേഷൻ ബഹിരാകാശത്തെത്തിക്കും. ഭാവിയിൽ രണ്ടു മൊഡ്യൂളുകൾ കുടി ബഹിരാകാശം താണ്ടും. ഇതിനുശേഷം ഒരു സർവീസ് പ്ലാറ്റ്ഫോമും. പൂർത്തിയായിക്കഴിയുമ്പോൾ 4 കോസ്മോനോട്ടുകളെയും (റഷ്യൻ ബഹിരാകാശ യാത്രികർ) ശാസ്ത്ര ഉപകരണങ്ങളെയും വഹിക്കാനുള്ള ശേഷി നിലയത്തിനുണ്ടാകും. 2025-26 കാലയളവിൽ നിലയത്തിന്റെ ആദ്യവിക്ഷേപണം നടത്താനാണു റഷ്യ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്. 2030ന് അപ്പുറത്തേക്ക് ഇതു നീളരുതെന്നു റോസ്കോമോസിനു നിഷ്കർഷയുണ്ട്.