എൻജിനീയറിങ് സീറ്റ് വർധന: നടപടികൾ വേഗത്തിലാക്കും

ന്യൂഡൽഹി: എൻജിനീയറിങ് കോളജുകളിലെ സീറ്റ് വർധനയുടെ നടപടികൾ വേഗത്തിലാക്കാൻ എഐസിടിഇ 700 ൽ ഏറെ ഐഐടി, എൻഐടി അധ്യാപകരെ നിയോഗിക്കും. മികച്ച എൻജിനീയറിങ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ സീറ്റ് പരിധി ഒഴിവാക്കാൻ എഐസിടിഇ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചുള്ള സീറ്റ് വർധനയ്ക്കായി പുതിയ അക്കാദമിക് വർഷത്തിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.അപേക്ഷിക്കുന്ന സ്‌ഥാപനങ്ങളുടെ നിലവാരം പരിശോധിക്കാനാണ് അധ്യാപകരെ നിയോഗിക്കുന്നത്. നിലവിൽ എൻജിനീയറിങ് കോളജുകളിൽ ഒരു ബ്രാഞ്ചിൽ പരമാവധി 240 വിദ്യാർഥികൾക്കാണു പ്രവേശനം. സീറ്റ് വർധനയ്ക്കായി മതിയായ അധ്യാപകരുടെ എണ്ണം, സമ്പൂർണ ലാബ് സംവിധാനം, അടിസ്‌ഥാന സൗകര്യങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.