2026 ൽ ഏകീകൃത വാർഷികപ്പരീക്ഷ: നടപടി ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച്
രാജ്യത്തെ വിവിധ കേന്ദ്ര, സംസ്ഥാന സ്കൂൾ ബോർഡുകളുടെ 3 ബോർഡ വാർഷിക പരീക്ഷകൾക്ക് ഏകീകൃത സ്വഭാവം കൊണ്ടുവരാനുള്ള നടപടികൾ 2026 ൽ പ്രാബല്യത്തിലാകും. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം രൂപീകരിച്ച നിലവാര നിർണയ ഏജൻസിയായ ‘പരഖിന്റെ’ (പെർഫോമൻസ് അസസ്മെന്റ്, റിവ്യൂ ആൻഡ് അനാലിസിസ് ഓഫ് നോളജ് ഫോർ ഹോളിസ്റ്റിക് ഡവലപ്മെന്റ്) നേതൃത്വത്തിൽ നീക്കങ്ങൾ പുരോഗമിക്കുകയാണ്.
ദേശീയ വിദ്യാഭ്യാസനയം അനുസരിച്ചാണു നടപടികൾ. ടോഫൽ, ജിആർഇ പരീക്ഷകൾ നടത്തുന്ന രാജ്യാന്തര ഏജൻസിയായ എജ്യുക്കേഷനൽ ടെസ്റ്റിങ് സർവീസിനാണു (ഇടിഎസ്) നടത്തിപ്പ് ചുമതല. പരഖിന്റെ നേതൃത്വത്തിൽ പരീക്ഷാ ഏകീകരണവുമായി ബന്ധപ്പെട്ട കരട് റിപ്പോർട്ട് കഴിഞ്ഞ മാസം എൻസിഇആർടിക്കു കൈമാറിയിരുന്നു. ഇതു സംബന്ധിച്ച വിശദമായ ചർച്ച ഏതാനും ദിവസം മുൻപു നടന്നു.
വിവിധ സ്കൂൾ ബോർഡുകളിലെ കഴിഞ്ഞ 5 വർഷത്തെ പരീക്ഷാ ചോദ്യക്കടലാസുകൾ ഉൾപ്പെടെ വിലയിരുത്തിയ ശേഷമാണു റിപ്പോർട്ട് തയാറാക്കിയത്. വിവിധ സ്കൂൾ ബോർഡുകളിലെ വിദ്യാർഥികളുടെ ജെഇഇ, നീറ്റ്, സിയുഇടി യുജി പ്രകടനവും വിലയിരുത്തി. പരീക്ഷയുമായി ബന്ധപ്പെട്ട ഒരു പൊതുവായ മാനദണ്ഡം അടുത്ത വർഷം മാർച്ചോടെ തയാറാക്കും